പാച്ചല്ലൂർ ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയും അസുര ചക്രവർത്തിയായ ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്കരണം നടത്തിയാണ് എല്ലാ വർഷവും നേർച്ചത്തൂക്ക മഹോത്സവം ആഘോഷിക്കുന്നത്.
കൊടിമരം മുറിക്കുന്നതാണ് ചടങ്ങുകളിൽ ആദ്യത്തേത്. ആർപ്പുവിളിയും, ചെണ്ടമേളവും, ആചാരവെടിയുമൊക്കെ ആയാണ് ഉത്സവം തുടങ്ങി എന്ന് നാട്ടുകാരെ അറിയിക്കുന്നത്.
ഒന്നാം ഉത്സവദിവസം പള്ളിപ്പലകയിൽ പണംവയ്പു കർമ്മം കൊണ്ടുദ്ദേശിക്കുന്നത് ദാരികനെതിരെ ദേവിയോടുചേർന്ന് തിന്മയ്ക്കെതിരെ പോരാടാൻ പടയിൽ ആളുകളെ കൂട്ടുന്നതിലേക്കാണ്. ഞാൻ നന്മയുടെ ഭാഗത്തുനിന്ന് ദാരികനെതിരെ യുദ്ധം ചെയ്തു കൊള്ളാമെന്നും മരണം വരെ ദേവിയോടൊപ്പം നിലകൊള്ളുമെന്നും സത്യം ചെയ്തു പള്ളിപ്പലക ദേവിയുടെ പാദമായി സങ്കല്പിച്ചു മനസ്സിനും ശരീരത്തിനും പകരമായി പണം സമർപ്പിക്കുന്നു. ഈ സമയം മുതൽ സൂര്യൻ ഉദിക്കുന്നതിനു മുൻപും അസ്തമിച്ചതിനു ശേഷവും പടയാളികൾ യുദ്ധപരിശീലനം നടത്തുന്നു. ഇതാണ് ദേവീദാസന്മാരുടെ നമസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.
രണ്ടാം ദിവസം മുതൽ ദേവി ദാരികനെ തേടി തെക്കും, കിഴക്കും, വടക്കും, പടിഞ്ഞാറും ചുറ്റി സഞ്ചരിക്കുന്നു. എല്ലാ വീടുകളിലും കാണുന്നവരോടെല്ലാം ദാരികനെ കുറിച്ച് അന്വേഷിക്കുന്നു. നിങ്ങൾ ദാരികനെ കണ്ടോ? അധർമ്മിയാണവൻ. ധർമം നിലനിർത്തണമെങ്കിൽ ദാരികനെ നശിപ്പിച്ചേ തീരു എന്ന് ദേവി ജനങ്ങളോട് പറയുന്നു. തങ്ങൾ കണ്ടില്ല. കാണുകയാണെങ്കിൽ ദേവിയുടെ വാസസ്ഥാനത് വന്ന് അറിയിക്കാം എന്ന് പറഞ്ഞു പഴങ്ങളും, പൂവും, സുഗന്ധദ്രവ്യങ്ങളും സമർപ്പിച്ചു വണങ്ങുന്നു. ഇതാണ് ദേവിയുടെ ഊരുചുറ്റിയുള്ള തട്ടനിവേദ്യ സ്വീകരണം കൊണ്ടുദ്ദേശിക്കുന്നത്.
അഞ്ചു ദിവസവും ഭൂമിയിൽ തിരഞ്ഞിട്ട് കാണാത്തതുകൊണ്ട് ആറാം ദിവസം ദേവി സന്ധ്യാസമയം ആകാശത്തു ദാരികനെ തിരയാനായി പോകുന്നു. ഇതാണ് വണ്ടിയോട്ടത്തിന്റെ ഉദ്ദേശം. തച്ചന്മാരെ ദേവിയായി സങ്കൽപ്പിച്ചു വില്ലിൽ കെട്ടി ഉയർത്തി നാലുപാടും ദാരികനെ തിരയുന്നു.
ആകാശത്തു ദാരികൻ ഉണ്ടെന്നു മനസ്സിലാക്കിയ ദേവി ഏഴാം ദിവസം ഭടന്മാരുമായി ദാരികനോട് യുദ്ധം ചെയ്യാൻ ആകാശത്തിലേക്ക് പോകുന്നു. ഇതാണ് നേർച്ചതൂക്കം കൊണ്ടുദ്ദേശിക്കുന്നത്. ദേവിയെ കുഞ്ഞിനോടുപമിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. യുദ്ധം നടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നതിലേക്കാണ് ചൂണ്ടകുത്തി രക്തം കാണിക്കുന്നത്. ആകാശത്തു യുദ്ധം മുറുകുമ്പോൾ ദാരികന് ഭൂമിയിലേക്ക് വരേണ്ടിവരുന്നു. ഭൂമിയിൽ വെച്ച് അതിശക്തമായ യുദ്ധം നടക്കുന്നു.
ആറു യുദ്ധത്തിലും തോൽക്കുന്ന ദേവി ഒരു വൃദ്ധ സ്ത്രീയുടെ രൂപത്തിൽ ദാരികന്റെ വീട്ടിൽ എത്തി കളവു പറഞ്ഞ് ദാരികന്റെ ഭാര്യയിൽ നിന്നും ദാരികൻ ശിവ ഭഗവാനിൽ നിന്നുനേടിയ മന്ത്രവാൾ കൈക്കലാക്കി യുദ്ധക്കളത്തിൽ എത്തിയ ദേവി ഏഴാമത്തെ യുദ്ധത്തിൽ ദാരികനെ നിഗ്രഹിക്കുന്നു. ഈ ചടങ്ങാണ് നേർച്ചത്തൂക്കം കഴിഞ്ഞോള്ള കളംകാവൽ കൊണ്ടുദ്ദേശിക്കുന്നത്. വാളും, പരിചയുമായി ഭടന്മാരും യുദ്ധക്കളത്തിൽ പങ്കു ചേരുന്നു.
യുദ്ധം കഴിഞ്ഞാൽ ഭക്ഷണം, ഇതാണ് എട്ടാം ദിവസത്തെ നേർച്ചപോങ്കാല കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭക്ഷണം കഴിഞ്ഞാൽ പിന്നെ നന്മയുടെ വിജയത്തിൽ ആഹ്ലാദപ്രകടനമാണ്. ഇതാണ് പൊങ്കാല ദിവസത്തെ കളംകാവൽ കൊണ്ട് ഉദ്ദേശിക്കുന്നത്. തിന്മയ്ക്കെതിരെ നന്മ ജയിച്ച സന്തോഷം കൊണ്ട് സന്തോഷം കൊണ്ട് ദേവിയെ സ്വീകരിക്കുന്ന ചടങ്ങാണ് ചമയവിളക്ക്.
ഒൻപതാം ദിവസം ഗുരുസികൊണ്ട് ഉദ്ദേശിക്കുന്നത് യുദ്ധം ചെയ്യുന്നതിന് ദേവിയിൽ തമോഗുണം ഉണ്ടായിവരണം. അങ്ങനെ മായയിൽ ഉണ്ടായ തമോഗുണത്തെ ബലിചെയ്യലാണ് ഗുരുസി.
നേർച്ചത്തൂക്ക മഹോത്സവത്തിന് വേറൊരു ഐതീഹ്യവുമുണ്ട്:
ദാരികനിഗ്രഹ ശേഷം ഹോരാട്ടഹാസം മുഴക്കി കലിതുള്ളി ഭൂലോകത്തെ നടുക്കി താണ്ഡവമാടി വരുന്ന കാളിയുടെ വരവ് അറിഞ്ഞ പിതാവായ പരമശിവൻ മകളുടെ കോപം ശമിപ്പിക്കാനും മാതൃവാത്സല്യത്തെ ഉണർത്താനുമായി ഗണപതിയോടും നന്ദികേശനോടും നവജാത ശിശുക്കളുടെ രൂപത്തിൽ ഭദ്ര വരുന്ന വഴിയിൽ കിടക്കാൻ പറഞ്ഞതനുസരിച്ച് രണ്ടുപേരും ശിശുക്കളുടെ രൂപം പൂണ്ട് അമ്മ വരുന്ന വഴിയിൽ കിടന്നു. മുനി ശ്രേഷ്ഠന്മാരും ദേവന്മാരും കാളീകീർത്തനങ്ങൾ ആലപിച്ചു. ശിശുക്കളെ കണ്ട മാത്രയിൽ അമ്മ തന്റെ നാലു കൈകളാലും ഇരു ശിശുക്കളെയും വാരി പുണർന്ന് ലാളിച്ചപ്പോൾ ദേവിയുടെ കോപം ശമിച്ചു. ഇത് അനുസ്മരിക്കുന്നതിനും കൂടെയാണ് പാച്ചല്ലൂർ മുടിപ്പുരയിൽ നേർച്ചത്തൂക്കം നടത്തുന്നത്. ഗണപതിയെയും നന്ദികേശനെയും കൈകളാൽ വാരിയെടുത്ത് മാറോടണച്ച് അമ്മ പുണർന്നതു പോലെയാണ് ദേവീദാസന്മാർ കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നത്. എത്ര കോപിഷ്ഠയായ സ്ത്രീ ആയിരുന്നാലും അവൾ സനാതന ധർമ്മിയാണെങ്കിൽ ശിശുക്കളെ കാണുന്ന മാത്രയിൽത്തന്നെ അവളുടെ ഉള്ളിലുള്ള മാതൃവാത്സല്യം ഉണരും എന്നാണ് ഈ ഐതീഹ്യം നമ്മെ പഠിപ്പിക്കുന്നത്.
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ