Home » hinduism » തൂക്കം അഥവാ നേര്‍ച്ചത്തൂക്കം

തൂക്കം അഥവാ നേര്‍ച്ചത്തൂക്കം എന്നത് കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ്.

അതിപുരാതന കാലം മുതല്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളില്‍ ആരാധിക്കപ്പെടുന്ന ദേവിയെക്കുറിച്ച് പരസ്പരം ബന്ധപ്പെട്ട രണ്ട് സങ്കല്പങ്ങള്‍ നിലവിലുണ്ട്. പ്രപഞ്ചമാതാവും മനുഷ്യരേയും ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന വാത്സല്യനിധിയുമായ ദേവത എന്ന നിലയിലുള്ള സങ്കല്പമാണ് അവയിലൊന്ന്. ഇപ്രകാരം പ്രപഞ്ചനിയാമകചൈതന്യത്തില്‍ മാതൃത്വം ആരോപിച്ചുകൊണ്ട് ആരാധന നടത്തുന്ന സമ്പ്രദായം ലോകത്തിലെ പുരാതന സാംസ്കാരികകേന്ദ്രങ്ങളിലെല്ലാം നിലവിലിരുന്നിട്ടുണ്ട്. അമ്മ ദൈവം, അതായത് മാതൃദേവതയെന്ന് ഈ ദേവതാസങ്കല്പത്തെ വിശേഷിപ്പിക്കുക സാധാരണമാണ്. ഇതോടൊപ്പംതന്നെ പ്രപഞ്ചത്തേയും ജീവജാലങ്ങളേയും സംഹരിക്കാന്‍ ശ്രമിച്ചിട്ടുള്ള ഭീകരശക്തികളെ നശിപ്പിച്ച് എല്ലാ ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന ശക്തി സ്വരൂപിണിയായും മാതൃദേവത സങ്കല്പിക്കപ്പെടുന്നു. ആ സങ്കല്പത്തിന്റെ കേരളീയ പ്രതീകം ദാരികനെന്ന അസുരനെ വധിച്ച ഭദ്രകാളിയുടെ രൂപത്തില്‍ ആരാധിക്കപ്പെടുന്നു. ഈ രണ്ട് സങ്കല്പങ്ങളിലും അധിഷ്ഠിതങ്ങളായ അനുഷ്ഠാനങ്ങള്‍ പലതും പ്രചാരത്തിലുണ്ട്. ഭദ്രകാളിയുടെ ദാരികസംഹാരത്തെ അനുസ്മരിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങളാണ് മിക്ക ദേവീക്ഷേത്രങ്ങളിലും നടത്തപ്പെടുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി ദേവിയെ വാത്സല്യനിധിയായ മാതാവായി സങ്കല്പിച്ച് ആരാധിക്കുന്ന സമ്പ്രദായത്തോട് ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ് തൂക്കം. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കള്‍ക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാര്‍ പറയുന്നു.

വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങള്‍ക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാര്‍ശ്വത്തില്‍ നിന്ന് പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയര്‍ത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ. ഇപ്രകാരം തൂക്കം നടത്തിവരുന്ന രണ്ട് ക്ഷേത്രങ്ങളാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ ഉണ്ടായിരുന്നത്: ഇന്ന് കന്യാകുമാരി ജില്ലയുടെ ഭാഗമായിത്തീര്‍ന്നിട്ടുള്ള വിളവന്‍കോട് താലൂക്കിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിലുള്ള ക്ഷേത്രവും ചിറയിന്‍കീഴ് താലൂക്കിലെ ശാര്‍ക്കരക്ഷേത്രവും. തെക്കന്‍ തിരുവിതാംകൂറിലെ ഇത്തരം ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ദേവീക്ഷേത്രങ്ങള്‍ എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. മിക്ക ദേവീക്ഷേത്രങ്ങളുടേയും ശ്രീകോവിലിനുള്ളില്‍ ഒരു പീഠം വച്ച് അതിനു മുകളില്‍ കിരീടത്തിന്റെ ആകൃതിയിലുള്ള ഒരു ആരാധനാവസ്തു പ്രതിഷ്ഠിച്ചിരിക്കും. ഈ ആരാധനാ വസ്തുവിന് ‘മുടി’ എന്നാണ് പേരു പറഞ്ഞുവരുന്നത്. അതിനാല്‍ ഇത്തരം ക്ഷേത്രങ്ങളെ മുന്‍കാലത്ത് മുടിപ്പുര എന്നാണ് വിശേഷിപ്പിച്ചുവന്നത്. തൂക്കം നടത്തിവന്നിരുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രം എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലുള്ള എളവൂര്‍ പുത്തന്‍കാവാണ്. ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ പൊതുവേ ‘കാവ്’എന്ന പേരില്‍ അറിയപ്പെടുന്നു. വൃക്ഷങ്ങള്‍ തിങ്ങി നില്ക്കുന്ന ഒരു സ്ഥലം എന്നാണ് കാവ് എന്ന പദത്തിന്റെ അര്‍ഥം. അത്തരം കാവുകളുടെ തൊട്ടടുത്തായിരുന്നു പഴയകാലത്തെ ദേവീക്ഷേത്രങ്ങളെല്ലാം. അതിനാലായിരിക്കണം കാവ് എന്ന് ദേവീക്ഷേത്രത്തിനു പേരുവന്നത്.

എളവൂര്‍ പുത്തന്‍കാവില്‍ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. നീണ്ട തടികൊണ്ടു നിര്‍മിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയില്‍ കോര്‍ത്ത് അയാളെ ചാടില്‍ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയര്‍ത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകര്‍ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്. നേര്‍ച്ചക്കാര്‍ തൂക്കക്കാരായ ആളുകളേയും നിര്‍ദേശിച്ചുവന്നു. അങ്ങനെ നിര്‍ദേശിക്കപ്പെടുന്ന ആളുകള്‍ മീനമാസം 1-ാം തീയതി മുതല്‍ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളില്‍ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേര്‍ത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചര്‍മം മാംസത്തില്‍ നിന്ന് വേര്‍തിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാര്‍ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തില്‍ ക്ഷേത്രത്തിലെ മഞ്ഞള്‍പ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു. തൂക്കക്കാരന്റെ ശരീരത്തില്‍ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോള്‍ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തില്‍ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയില്‍ ഭക്തന്മാരുടെ ശരീരത്തില്‍ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പില്‍ അര്‍പ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പ്രദേശങ്ങളില്‍ ബലികര്‍മരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂര്‍ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചര്‍മത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയര്‍ന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയര്‍ന്നു വരികയും അതിന്റെ ഫലമായി ഇളവൂര്‍ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങള്‍ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരന്‍ ശരീരത്തിന്മേല്‍ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളില്‍ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാര്‍ പറയുന്നു.

കൊല്ലങ്കോട്, ശാര്‍ക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ തൂക്കക്കാരനെ തൂക്കിയിടാന്‍ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തില്‍ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചര്‍മത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാല്‍ അക്ഷരാര്‍ഥത്തില്‍ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലില്‍ നിന്ന് തൂക്കിയിടുന്ന അവസരത്തില്‍ അയാളുടെ മുതുകില്‍ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏര്‍പ്പാടായി ഇതിനെ കണക്കാക്കാം. അതിനാല്‍ ശരീരത്തില്‍ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ നിലവില്‍ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാര്‍ക്കരയിലും നിലനില്‍ക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തില്‍ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്. തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരില്‍ ഓരോ ആളും ഓരോ ശിശുവിനെ കൈകളില്‍ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കള്‍ നടത്തുന്ന നേര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കള്‍ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാര്‍ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാര്‍ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതല്‍ ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടണമെന്ന് നിര്‍ബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാല്‍ തൂക്കക്കാര്‍ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്. കൊല്ലങ്കോട്ടും ശാര്‍ക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തില്‍ തൂക്കിയിട്ടുകഴിഞ്ഞാല്‍ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ല്‍പരം അടിയോളം ഉയര്‍ത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കും. ഭക്തന്മാര്‍ ചേര്‍ന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാല്‍ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തില്‍ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടര്‍ന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേര്‍ച്ചക്കാര്‍ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു.

കൊല്ലങ്കോട്ടെ ക്ഷേത്രത്തിലെ തൂക്കത്തിന് സമാന്തരങ്ങളായ രണ്ട് വില്ലുകള്‍ ഉപയോഗിക്കുന്നു. ഓരോ വില്ലിന്റെയും അഗ്രഭാഗത്ത് കുറുകെ ഓരോ തടിക്കഷണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആ തടിക്കഷണത്തിന്റെ ഇരുഭാഗത്തുനിന്നുമായി ഓരോ വില്ലിനോടും രണ്ട് തൂക്കക്കാരെ ബന്ധിക്കുന്നു. അവരുടെ കൈയില്‍ 4 ശിശുക്കളേയും ഏല്പിക്കുന്നു. അങ്ങനെ ഒരു തവണ വില്ല് പ്രദക്ഷിണം വയ്ക്കുമ്പോള്‍ 4 തൂക്കക്കാരും 4 ശിശുക്കളുമായിരിക്കും തൂക്കത്തില്‍ പങ്കെടുക്കുന്നത്. ഈ രൂപത്തിലുള്ള തൂക്കത്തെ പിള്ളത്തൂക്കം എന്നാണ് പറയുന്നത്. പിള്ള എന്ന പദത്തിന് ശിശു എന്നര്‍ഥം. മൂന്ന് മാസം മുതല്‍ ഒരു വയസ്സുവരെ പ്രായമുള്ള ശിശുക്കളെയാണ് തൂക്കത്തിന് സമര്‍പ്പിക്കാറുള്ളത്. ആ ശിശുക്കള്‍, അഥവാ അവരുടെ മാതാപിതാക്കള്‍ ആണ് നേര്‍ച്ചക്കാര്‍.
ശാര്‍ക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാല്‍ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തില്‍ പങ്കാളികളാകുന്നത്.

(പ്രൊഫ. കെ.എസ്.നാരായണപിള്ള)
Source

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

From the blog

പാച്ചല്ലൂർ നേർച്ചത്തൂക്ക മഹോത്സവം ഐതിഹ്യം.

പാച്ചല്ലൂർ ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയും അസുര ചക്രവർത്തിയായ ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്കരണം നടത്തിയാണ് എല്ലാ വർഷവും നേർച്ചത്തൂക്ക മഹോത്സവം ആഘോഷിക്കുന്നത്. കൊടിമരം മുറിക്കുന്നതാണ് ചടങ്ങുകളിൽ ആദ്യത്തേത്. ആർപ്പുവിളിയും, ചെണ്ടമേളവും, ആചാരവെടിയുമൊക്കെ ആയാണ് ഉത്സവം തുടങ്ങി എന്ന് നാട്ടുകാരെ അറിയിക്കുന്നത്.

പാച്ചല്ലൂരമ്മയ്ക്ക് ഒരു തരി പൊന്ന്…

സന്താനസൌഭാഗ്യ വരദായനിയായ പാച്ചല്ലൂരമ്മയുടെ തിരുമുടി, സ്വര്‍ണ്ണത്തില്‍ നവീകരിച്ച് ദേവിയെ കന്യകസ്വരൂപിണിയാക്കുന്ന മംഗളകര്‍മ്മത്തിന് എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രസ്തുത നവീകരണത്തിനുള്ള നേര്‍ച്ചകള്‍ സ്വര്‍ണ്ണമായോ പണമായോ വ്യക്തമായ മേല്‍വിലാസത്തോടുകൂടി...

നേര്‍ച്ചത്തൂക്ക മഹോത്സവം – 2015

കുംഭമാസത്തിലെ പൂരംനാൾ തെക്കൻ കേരളത്തിലെ പ്രേത്യേകിച്ച് തലസ്ഥാന ജില്ലയായ പാച്ചല്ലൂർ നിവാസികൾക്ക് ആഘോഷത്തിൻറെ നാളുകളാണ്. പാച്ചല്ലൂർ ദേശത്തെ ഐശ്വര്യവരദായിനിയും, സന്താനവരദായിനിയുമായ അമ്മയുടെ നേര്‍ച്ചത്തൂക്ക മഹോത്സവമാണ് അന്ന് (05/03/2015). തെങ്ങോളം ഉയരത്തിൽ...

ഒരു മാതൃകാ ഹിന്ദു ഭവനം

പൂജാമുറി ഉണ്ടാകണം. അല്ലെങ്കിൽ യോഗ്യമായൊരു സ്ഥലം അതിനായി നിക്കിവയ്ക്കണം. ദിവസവും ഏതെങ്കിലും ഒരു സമയം കുടുംബാങ്ങങ്ങൾ ഒരുമിച്ചിരുന്ന് നാമം ജപിക്കണം. തുളസിത്തറ ഉണ്ടായിരിക്കണം. എല്ലാ ദിവസവും നിലവിളക്ക് കൊളുത്തണം. ഹിന്ദു ദേവിദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ പ്രദർശിപ്പിച്ചിരിക്കണം.

കന്നി അയ്യപ്പന്മാരുടെ വ്രതാനുഷ്ഠാനങ്ങള്‍

ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല ചവിട്ടിയ ഒരാളെ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം

പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്ര ഐതിഹ്യം

ഒരു കാലത്ത് ആയ് രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടില്‍ വേണാടില്‍ ലയിക്കുന്നതിനു മുന്‍പ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളില്‍ മുഖ്യമായ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടില്‍ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാന്‍ രചിച്ച

ക്ഷേത്രങ്ങളിൽ തൊഴേണ്ട രീതി

കൈകൾ പൂമൊട്ടിന്‍റെ രൂപത്തിൽ ചേർത്ത് നേർ നെഞ്ചിന്‍റെ മദ്ധ്യഭാഗത്ത് വച്ച് തൊഴുന്നതാണ് (മുകുളിതപാണി) യഥാർത്ഥ രീതി. കൈകൾ ഇളകാതെ താമരമൊട്ടിന്‍റെ ആകൃതിയിൽ നെഞ്ചോടു ചേർത്ത് വയ്ച്ചു അടിവച്ച് അടിവച്ച് ദേവെന്‍റെ സ്തോത്രങ്ങൾ ഉച്ചരിച്ച് രൂപം മനസ്സിൽ ധ്യാനിച്ച് ക്ഷേ(ത പ്രദക്ഷിണം നടത്തണം. ഗുരുവിന് മുന്നിലെന്ന പോലെ, എണ്ണക്കുടം തലയിൽ വയ്ച്ചുകൊണ്ട് അതു തുളുമ്പി കളയാതെ എന്നവിധം, മന്ദമന്ദം ഓരോചുവടും വച്ചുവേണം ക്ഷേ(ത പ്രദക്ഷിണം നടത്തേണ്ടത്.

പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സാമൂഹിക പ്രസക്തി.

ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിര്‍വഹിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിലെസാമൂഹിക പരിവര്‍ത്തനത്തിന് മാതൃകയാകുക എന്നാ ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങള്‍ക്കുണ്ട്.

തൂക്കം അഥവാ നേര്‍ച്ചത്തൂക്കം

തൂക്കം അഥവാ നേര്‍ച്ചത്തൂക്കം എന്നത് കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ്. അതിപുരാതന കാലം മുതല്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങള്‍...

  • Facebook

  • Online Poll

    What is the birth star (Nakshathram) of pachallooramma?

    View Results

    Loading ... Loading ...
  • Image Gallery