കുംഭമാസത്തിലെ പൂരം നാള് തെക്കന്‍ കേരളത്തിലെ പാച്ചല്ലൂര്‍ നിവാസികള്‍ക്ക് സവിശേഷതകളുടെ ആഘോഷദിനമാണ്. ഈ ദിവസമാണ് ഇവിടുത്തെ പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു ചുറ്റും തെങ്ങോളമുയരത്തില്‍ ദീപലന്കൃതവും പുഷ്പാലന്കൃതവുംമായ പച്ചല്ലൂരമ്മയുടെ നേര്‍ച്ചത്തൂക്കവില്ല് ഭക്തിപുരസ്സരം വലം വയ്ക്കുവാന്‍ പോകുന്നത്. പാച്ചല്ലൂര്‍ ഗ്രാമം ഒന്നടങ്കം പങ്കുകൊണ്ടു നടത്തുന്ന ഈ ഉത്സവം നാടിന്റെ നാനാഭാഗത്തുമുള്ള സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ മാറിയിരിക്കുന്നു.
ഒരു കാലത്ത് ആയ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടില്‍ വേണാടില്‍ ലയിക്കുന്നതിനു മുന്‍പ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളില്‍ മുഖ്യമായ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടില്‍ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാന് രചിച്ച രാമകഥപ്പാട്ടിലെ രാമാ-രാവണയുദ്ധം, വില്ലടിച്ചാന്‍ പാട്ട് രൂപേണ അക്കാലത്ത് തന്നെ നാട്ടാശാന്മാര് ഇവിടുത്തെ ഉത്സവ വേളകളില്‍ അവതരിപ്പിച്ചിരുന്നു.
പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഇങ്ങനെയും ഒരു ഐതിഹ്യമുണ്ട്. പാച്ചല്ലൂര്‍ വലിയവിള കുടുംബത്തിലെ പരമ ഭാഗവതനായ ഒരു ആചാര്യന് പണ്ഡിതനായ ഒരു യോഗിയുമൊരുമിച്ചു യാത്ര ചെയ്ത് മടങ്ങുമ്പോള്‍ ഒരു വടവൃക്ഷത്തണലില്‍ രണ്ടു സ്ത്രീകള്‍ ക്ഷീണിതരായി ഇരിക്കുന്നത് കാണുവാനിടയായി. അന്വേഷണത്തില്‍ അവര്‍ കൊടുങ്ങല്ലൂരില്‍ നിന്നും പശ്ചിമതീരം വഴി നടന്നു വന്നവരാണെന്ന് മനസ്സിലായി. ഇവര്‍ക്ക് ആ മഹാ പണ്ഡിതന്മാര് നാട്ടുവാഴയുടെ തുമ്പിലയില്‍ കരിക്കും മലരും പഴവും നല്കി. കാരണവര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ സഹോദരിമാരില്‍ ഒരാള്‍ വലിയവിള കുടുംബത്തിലെ ആരാധനസ്ഥാനത്ത് ഉപവിഷ്ടയായിരിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതസ്തബ്ദനായിപ്പോയി. പിറ്റേന്ന് രാവിലെയായപ്പോഴെയ്ക്കും ആ ദിവ്യതേജസ്വിനി അപ്രത്യക്ഷയായി, പകരം ആ സ്ഥാനത്ത് അപൂര്‍വ്വമായ രീതിയില്‍ തെളിഞ്ഞ് ഒളികൊള്ളുന്ന തരത്തില്‍ ഒരു നെയ്ത്തിരിനാളം കാണപ്പെട്ടു. വലിയവിള തറവാട്ടിലെ ഭക്തദേശികന് കാലാന്തരത്തില്‍ ദേവിയുടെ ദര്‍ശനം ലഭിച്ചുകൊണ്ടേയിരിന്നു. ആ ദര്‍ശങ്ങല്‍ക്കനുസൃതമായി രൂപം കൊണ്ട ദേവീഗൃഹമാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം.
ദേവി മനുഷ്യരൂപത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്കിയ വിഭവങ്ങളായ കരിക്കും മലരും പഴവും തന്നെയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പൂജാനിവേദ്യങ്ങള്‍. പൂര്‍വ്വാചാര്യ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്ന ഈ ക്ഷേത്രത്തില്‍ സാത്വികമായ പൂജാ സമ്പ്രദായമാണ് അനുവര്‍ത്തിച്ചുപോരുന്നത്.
വലിയവിള കാരണവര്‍ക്ക് ദര്‍ശനം നല്കിയ സ്ത്രീ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതിനാലാവണം, ഉത്സവവേളകളില്‍ കണ്ണകിചരിതമാണ് ഭദ്രകാളിപ്പാട്ടായി പാടിപ്പോരുന്നത്… ബ്രാഹ്മണസ്ത്രീയാല്‍ ശപിക്കപ്പെട്ട നാട് ദേവീകടാക്ഷത്താല്‍ സംരക്ഷിച്ചുപോരുന്നു എന്ന മറ്റൊരു ഐതിഹ്യവും ക്ഷേത്ര ഉത്പത്തിയെപ്പറ്റി നിലനിന്നുപോരുന്നുണ്ട്.