Posted by admin
Posted on Mar - 3 - 2014
0 Comment
ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിര്‍വഹിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പാച്ചല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിലെസാമൂഹിക പരിവര്‍ത്തനത്തിന് മാതൃകയാകുക എന്നാ ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങള്‍ക്കുണ്ട്.
ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പൂജാരി അബ്രാഹ്മണനാണ്. കൊല്ല സമുദായത്തില്‍പെട്ട കുടുംബങ്ങളാണ് ഇവിടെ പൂജ ചെയ്യുന്നത്. ഉത്സവ ദിനങ്ങളിലെ ആചാരങ്ങള്‍ക്കുമുണ്ട് സവിശേഷതകള്‍. നേര്‍ച്ചത്തൂക്കത്തിനുള്ള വടം ഈഴവ സമുദായത്തില്‍ നിന്നുമാണ്. മണ്ണാര്‍ സമുദായത്തില്‍ നിന്നുള്ള കച്ചയും, അരയ സമുദായത്തില്‍ നിന്നും ഉള്ള ചണവും ഉപയോഗിച്ചാണ് ആശാരി സമുദായത്തില്‍ നിന്നുള്ളവര്‍ തൂക്കവില്ലോരുക്കുന്നത്.
നേര്‍ച്ചത്തൂക്കത്തിനായുള്ള പള്ളിപ്പലകയില്‍ പണം വയ്പ്പ് കര്‍മ്മത്തിന് പരികര്‍മ്മിയായി ഇരിക്കുന്നത് തട്ടാര്‍ സമുദായത്തില്‍ നിന്നുള്ള അംഗമാണ്. ദേവിയ്ക്കുള്ള അകമ്പടി കൊട്ട് പാണര്‍ സമുദായത്തില്‍ നിന്നാണ്.ക്ഷേത്രത്തിലെ വെട്ടിയൊരുക്ക് കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള അവകാശം തണ്ടാര്‍ സമുദായത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. നേര്‍ച്ചത്തൂക്കത്തിനായി വ്രതമെടുത്ത് ദേവീദാസന്മാരാകുവാനും നേര്‍ച്ച വില്ലില്‍ തൂങ്ങുവാനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളില്‍ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും ജാതി വര്‍ഗ്ഗ ഭേദമേന്യേ അനുവദിച്ചു പോരുന്നുണ്ട്.
കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ വേര്‍തിരിവില്ലാതെ ദേവിയുടെ മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന ആപ്തവാക്യം മുഴക്കി ഒരു സമൂഹം ഒന്നടങ്കം പങ്കാളികളായി ദേവിയുടെ ചടങ്ങുകള്‍ ആചരിച്ചു പോരുന്നു. അതുകൊണ്ടുതന്നെ, ഇവിടുത്തെ ആചാരനുഷ്ടാനങ്ങള്‍ക്കും ഉത്സവത്തിനും ചരിത്രപരമായ പ്രാധാന്യംഅവകാശപ്പെടാനുണ്ട്.